തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഓരോ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പകരം ഉപയോഗിക്കാവുന്ന വസ്തുക്കള്‍ സംബന്ധിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് നിര്‍ദ്ദേശം നല്‍കി.
പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പകരം തുണി, പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കണം. ഭക്ഷണം വിളമ്പുമ്പോള്‍ മേശയിലും പാത്രത്തിലുമുള്ള ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വിരിക്ക് പകരം പേപ്പര്‍ വിരി ഉപയോഗിക്കണം. കനം കുറഞ്ഞ സ്റ്റിറോഫോം ഉപയോഗിച്ചുള്ള കപ്പുകള്‍, തെര്‍മോകോള്‍ പ്ലേറ്റുകള്‍ എന്നിവയ്ക്ക് ബദലായി ഗ്ലാസ്, സെറാമിക്, സ്റ്റീല്‍ കപ്പുകള്‍, പാത്രങ്ങള്‍, പേപ്പര്‍, ജൈവ രീതിയിലുള്ള ( ചെടികള്‍) അലങ്കാരങ്ങള്‍ എന്നിവ ഉപയോഗിക്കണം.
പ്ലാസ്റ്റിക് നിര്‍മ്മിത ഒറ്റത്തവണ ഉപയോഗ കപ്പുകള്‍, പാത്രങ്ങള്‍, സ്പൂണ്‍, ഫോര്‍ക്ക്, സ്ട്രാ, സ്റ്റിറര്‍ എന്നിവയ്ക്ക് പകരം ഗ്ലാസ്, സെറാമിക്, സ്റ്റീല്‍, തടിക്കപ്പുകള്‍, സ്ട്രാ, സ്പൂണ്‍ എന്നിവ ഉപയോഗിക്കണം. നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് കൊടി, തോരണങ്ങള്‍ക്ക് പകരം തുണി, പേപ്പര്‍ കൊടിതോരണങ്ങള്‍ ഉപയോഗിക്കണം. പഴങ്ങളും പച്ചക്കറികളും പൊതിയാനുപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍ക്ക് പകരം പേപ്പര്‍, തുണി ബാഗുകള്‍ ഉപയോഗിക്കണം.
പ്ലാസ്റ്റിക് കോട്ടോടു കൂടിയ പേപ്പര്‍ കപ്പുകള്‍, പാത്രങ്ങള്‍, ബൗളുകള്‍, ബാഗുകള്‍ എന്നിവയ്ക്ക് പകരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റോടു കൂടിയ പി. എല്‍. എ. കോട്ടിംഗുള്ള പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കാം. ആശുപത്രികളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗുകള്‍ക്ക് പകരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുള്ള കംപോസ്റ്റബിള്‍ ഗാര്‍ബേജ് ബാഗുകള്‍ ഉപയോഗിക്കണം.
കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്കുകളെ സംബന്ധിച്ചും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി നേടിയിരിക്കണം.
നിര്‍മ്മാണം, വില്പന, സ്റ്റോക്കിംഗ്, വിപണനം എന്നീ ഘട്ടങ്ങളിലെല്ലാം ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സാധുവായിരിക്കണം. ഉല്പന്നത്തില്‍ നിര്‍മ്മാണ കമ്പനിയുടെ പേര്, വിപണന ഏജന്‍സി, അസംസ്‌കൃത വസ്തുക്കള്‍, നിര്‍മ്മാണത്തീയതി, ബാച്ച് നമ്പര്‍, ലൈസന്‍സ് നമ്പര്‍ കാലാവധി എന്നീ വിവരങ്ങളടങ്ങിയ സിപിസിബി യുടെ അനുമതി ക്യൂ. ആര്‍ കോഡില്‍ രേഖപ്പെടുത്തിയിരിക്കണം. സമ്പൂര്‍ണ കംപോസ്റ്റബിള്‍ ഉല്പന്നമാണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിരിക്കണം.
ഉല്പന്നം ഡൈക്ലോറോമീഥെയ്‌നില്‍( മെഥിലീന്‍ ഡൈക്ലോറൈഡ്്) ലയിക്കുന്നതായിരിക്കണം. ഇത് കവറിനു മുകളില്‍ രേഖപ്പെടുത്തുകയും വേണം.
Discussion about this post