തിരുവനന്തപുരം: 2021 ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ www.padmaawards.gov.in എന്ന പോര്‍ട്ടലില്‍ സെപ്റ്റംബര്‍ 15ന് മുമ്പ് ഓണ്‍ലൈനായി നല്‍കാം. മറ്റുളളവര്‍ക്ക് നാമനിര്‍ദേശം ചെയ്യുകയും വ്യക്തികള്‍ക്ക് നേരിട്ടും സമര്‍പ്പിക്കാം.
സംസ്ഥാനസര്‍ക്കാര്‍ മുഖേന നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് അര്‍ഹരെ കണ്ടെത്താന്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.
സംസ്ഥാന സര്‍ക്കാര്‍ മുഖേന നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ അതത് ജില്ലാ കളക്ടര്‍മാരുടെ ഔദ്യോഗിക മേല്‍വിലാസത്തില്‍ ജൂലൈ 25 ന് മുമ്പ് നല്‍കണം. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ വിലാസത്തില്‍ (ഒന്നാംനില, സൗത്ത് സാന്‍വിച്ച്, ഗവ: സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001) നേരിട്ടും ജൂലൈ 31 വരെ അപേക്ഷ സ്വീകരിക്കും.
പത്മ പുരസ്‌കാരവുമായി ബന്ധപ്പെട്ടുള്ള സ്റ്റാറ്റിയൂട്ട്‌സ്, റൂള്‍സ് എന്നിവ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ www.padmaaward.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
കല, സാഹിത്യവും വിദ്യാഭ്യാസവും, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, സയന്‍സ്, എഞ്ചിനിയറിങ്, പൊതുകാര്യം, സിവില്‍ സര്‍വീസ്, വ്യാപാരം, വ്യവസായം എന്നീ മേഖലകളില്‍ വിശിഷ്ട സേവനത്തിനും, കൈവരിച്ച മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനുമാണ് പത്മ അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.
Discussion about this post